ലോക്ക്ഡൗണ്‍ കാലത്ത്
ചുറ്റുമതിൽ ചിത്ര മതിലാക്കി ഹാരിസ് മാഷ്
സ്‌കൂളിലെ ചിത്രകലാ അധ്യാപകന്‍ ഹാരിസ് കാവിൽ ഈ ലോക്ഡൗൺ കാലത്ത് ബ്രഷ് കൈയിലെടുത്തത് വേറിട്ട ഒരു പരീക്ഷണത്തിനാണ്. സ്വന്തം വീടിൻ്റെ ചുറ്റുമതിൽ മനോഹരമായ ഒരു ചിത്രമതിലാക്കി മാറ്റിയിരിക്കുകയാണ് തലശ്ശേരി മുബാറക്ക് ഹയർ സെക്കൻ്ററി സ്കൂളിലും തലശ്ശേരി ഗവ: ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിലും ചിത്രകലാ അധ്യാപകനായ ഹാരിസ് കാവിൽ.
പാവക്കണ്ടി എന്ന് പേരുള്ള വീടിൻ്റെ 30 മീറ്റർ നീളമുള്ള ചുറ്റുമതിലിൽ സുന്ദരമായ പത്ത് പെയിന്റിംഗുകളാണ് അടച്ചിടൽ ദിനങ്ങളിൽ ഹാരിസ് മാഷ് വരച്ചത്. വെള്ള അപ്പെക്സ് സിമൻറ് പ്രൈമർ പൂശിയ ശേഷം മതിൽ പെയിന്റ് ചെയ്തു .ശേഷം പിഗ് മെൻറ് അഥവാ കമ്പ്യൂട്ടർ സ്റ്റൈനർ ഉപയോഗിച്ച് ആവശ്യമായ നിറങ്ങൾ മിക്സ് ചെയ്താണ് ചിത്രങ്ങൾ പൂർത്തിയാക്കിയത്. ലാൻറ്സ്കേപ്പ്, റിവർസ്കേപ്പ്, സീസ്കേപ്പ് ചിത്രങ്ങളാണ് അധികവും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫിൻ്റെ ചിത്രവും ചിത്രമതിലിൽ ഇടം നേടിയിട്ടുണ്ട്. വൈകുന്നേരം 3 മണി മുതൽ 6.30 വരെയായിരുന്നു ചിത്രരചന. ചെടിച്ചട്ടികളും മുറ്റത്തിൻ്റെ അതിർത്തി ഭിത്തികളും ചിത്രപ്പണി ചെയ്ത് അലങ്കരിച്ചിട്ടുമുണ്ട്.
ലോക്ക്ഡൗൺ തുടങ്ങിയ ഒരു ദിവസം, ചിത്രം വരക്കിടയിൽ അതു വഴി വന്ന പോലീസ് ജീപ്പ് ബ്രേക്കിട്ടതും, അപ്പോൾ ചിത്രം വര കൗതുകത്തോടെ നോക്കി ചുറ്റും കൂടി നിന്ന നാട്ടുകാർ നാലുപാടും ചിതറിയോടിയതും, വര നിർത്തി ബ്രഷുകൾ ബാഗിലേക്കിടാൻ തുനിഞ്ഞ തന്നോട്, "ചിത്രങ്ങൾ ഗംഭീരമായിട്ടുണ്ട്; വര പുരോഗമിക്കട്ടെ" എന്ന് ജീപ്പിൽ നിന്നിറങ്ങി വന്ന് ചിത്രങ്ങൾ ആസ്വദിച്ച പോലീസുകാർ പ്രോത്സാഹിപ്പിച്ചതും ഹാരിസ് മാഷ് ഒരു ചെറുചിരിയോടെ പറയുന്നു.
നടുവണ്ണൂർ - നൊച്ചാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാവിൽ- പള്ളിയത്ത് കുനി - ചാത്തോത്ത് താഴെ റോഡ് സൈഡിൽ സ്ഥിതി ചെയ്യുന്ന ചിത്രമതിലിന് മുന്നിലെത്തുമ്പോൾ പലരും വാഹനങ്ങൾ നിർത്തി ഇപ്പോൾ ചിത്രം ആസ്വദിക്കുന്നുണ്ട്.
- അഷ്റഫ് കാവിൽ.
No comments:
Post a Comment