പ്രിൻസിപ്പാളിന്റെ
സ്വാതന്ത്ര്യദിന സന്ദേശം
ഹെഡ്മിസ്ട്രസ് ദേശീയപതാക ഉയർത്തുന്നു
ചങ്ങലകൾക്കുള്ളിലെ
സ്വാതന്ത്ര്യം
ഇന്ന് ആഗസ്ത് 15
രാജ്യത്തെ സ്കൂളുകളിൽ അസംബ്ലിയും വിദ്യാർത്ഥികളുടെ ഒത്തുചേരലുമില്ലാത്ത ആദ്യത്തെ സ്വാതന്ത്യദിനാചരണം!
നമ്മുടെ കണ്ണുകൊണ്ട് കാണാൻ പോലും പറ്റാത്ത ഒരു വൈറസ് നമ്മുടെ എല്ലാ സ്വാതന്ത്യങ്ങൾക്കും കൂച്ചുവിലങ്ങിട്ടിരിക്കുന്ന ഇക്കാലത്ത് സ്വാതന്ത്ര്യമൊന്നും വേണ്ട, എങ്ങനെയെങ്കിലും ജീവിച്ചാ മതി എന്നതാണ് നമ്മുടെ ചിന്ത.
വിദ്യാർത്ഥികളുടെ കൂടിച്ചേരലും അസംബ്ലിയുമെല്ലാം കൊറോണ തടഞ്ഞുവെച്ചിരിക്കുകയാണെങ്കിലും സ്കൂളിൽ പതാക ഉയർത്തലിന് മുടക്കമില്ല. നമ്മൾ ഭാരതീയർ അടിമച്ചങ്ങല പൊട്ടിച്ചെറിഞ്ഞ സുദിനത്തിന്റെ ഓർമ്മ പുതുക്കലായി ഇന്ന് രാവിലെ 9 മണിക്ക് സ്കൂൾ അങ്കണത്തിൽ നമ്മുടെ രാജ്യത്തിന്റെ ത്രിവർണ്ണ പതാക ഉയരുക തന്നെ ചെയ്യും.. കാരണം ആഗസ്ത് 15 എന്നത് നമ്മൾ ഭാരതീയരുടെ ആവേശം കൊള്ളിക്കുന്ന വികാരവും രാജ്യമെങ്ങും ആഘോഷിക്കുന്ന സുദിനവുമാണല്ലോ. നൂറ്റാണ്ടുകളായി ബ്രിട്ടീഷ് ആധിപത്യത്തിൻ കീഴിൽ അടിമ ജീവിതം നയിച്ചിരുന്ന ഒരു ജനത സ്വാതന്ത്യത്തിന്റെ വിഹായസ്സിലേക്ക് പറന്നുയർന്നതിന്റെ ഓർമ്മയും മധുരവും പങ്കുവെക്കുന്ന സുദിനം!!
എന്നാൽ ഇത്തവണ നമ്മുടെ രാജ്യമുൾപ്പെടെ ലോകത്തെ മുഴുവൻ ജനങ്ങളെയും അസ്വാതന്ത്ര്യത്തിലേക്ക് തളച്ചിടുകയും ഭീതിപ്പെടുത്തുകയും ചെയ്തു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് ആഗസ്ത് 15 കടന്നു വന്നിരിക്കുന്നത്. ലോകം മുഴുവനും അപ്രഖ്യാപിതമായ ഒരു പാരതന്ത്ര്യത്തിന്റെ കൂട്ടിനകത്ത് തളച്ചിടപ്പെട്ടിരിക്കുന്നു. കൈകോർത്തും തോളോട് തോൾ ചേർന്നും മനുഷ്യച്ചങ്ങലയും മനുഷ്യമതിലും തീർത്ത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചിരുന്ന നമ്മളിന്ന് പരസ്പരം അകന്ന് നിൽക്കാനും സാമൂഹിക അകലം പാലിക്കാനും ആഹ്വാനം ചെയ്യുന്ന ഒരു വിപരീത കാലഘട്ടത്തിലെ പ്രജകളായി മാറിയിരിക്കുന്നു.
സുഹൃത്തുക്കളുമായി ഒത്തുചേരുന്നതിനോ ബന്ധു ഗൃഹങ്ങൾ സന്ദർശിക്കുന്നതിനോ സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയിലാണ് നാമിന്ന്. അന്യദേശത്തു നിന്ന് ഏറെക്കാലത്തിനു ശേഷം വന്നെത്തിയ പ്രിയപ്പെട്ടവരെ ആഴ്ചകളോളം ഏകാന്തവാസത്തിലിടുന്ന സ്വാതന്ത്ര്യം!! ലോക്ക് ഡൗൺ, കണ്ടൈൻമെൻറ് സോൺ, ഹോട്സ്പോട്ട് തുടങ്ങിയ നിരവധി ചങ്ങലകളാൽ ബന്ധിതമായ ഒരു അവസ്ഥയിലാണ് ഇത്തവണ നമ്മൾ നാടിന്റെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. യഥാർത്ഥത്തിൽ ഇത്തവണത്തേത് സ്വാതന്ത്ര്യദിനാഘോഷമാണോ? സ്വാതന്ത്ര്യ ദിനാചരണം എന്ന് പറയേണ്ടിയിരിക്കുന്നു.
നമ്മളിൽ കുറച്ചു പേരെങ്കിലും ഈ പ്രകൃതിദുരന്ത കാലത്തും മഹാമാരിക്കാലത്തും നമ്മെ വിട്ടകന്നാലും ഈ പാരതന്ത്ര്യത്തിന് ഒരു അവസാനമുണ്ടാകാതിരിക്കില്ല എന്ന ശുഭാപ്തി വിശ്വാസം നമുക്ക് കൈവിടാതിരിക്കാം.
ഈ കൊറോണക്കാലം കഴിഞ്ഞ് പഴയ സ്വാതന്ത്ര്യത്തിലേക്ക് തിരിച്ചു വരുമ്പോഴെങ്കിലും നമ്മൾ ആഴത്തിൽ ചിന്തിക്കേണ്ട ചില വസ്തുതകളുണ്ട്. സ്വാതന്ത്യത്തിന്റെ പേരിൽ ഇക്കാലമത്രയും അഹങ്കരിച്ചിരുന്ന നമ്മൾ ഇനിയെങ്കിലും യഥാർത്ഥ സ്വാതന്ത്ര്യം എന്താണെന്ന് തിരിച്ചറിയാതിരുന്നു കൂടാ. ഏതൊരു മനുഷ്യനും ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് സ്വാതന്ത്ര്യമാണ്. പക്ഷേ, എന്തിനു വേണ്ടിയുള്ള സ്വാതന്ത്ര്യമാണെന്ന് പലപ്പോഴും നാം മറന്നു പോയി. അല്ലെങ്കിൽ സ്വാതന്ത്ര്യം എന്നത് ആടിത്തിമിർക്കാനും ആഘോഷിക്കാനും മാത്രമുള്ളതാണെന്ന് നാം തെറ്റിദ്ധരിച്ചു. 1947 ആഗസ്റ്റ് 15-ന് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചു എന്ന് പറയുമ്പോഴും സ്വാതന്ത്ര്യം നാം നേടിയത് എന്തിനു വേണ്ടിയാണെന്ന് നാം ഓർത്തില്ല. നമ്മുടെ സംസ്കാരത്തെയും നമ്മുടെ ഭാഷയെയും നമ്മുടെ എല്ലാ നൻമകളെയും ചവിട്ടിമെതിച്ച വിദേശാധിപത്യത്തെ 1947 ആഗസ്ത് 15-ന് നമ്മൾ തുരത്തിയോടിച്ച് സ്വാതന്ത്ര്യം നേടിയെങ്കിലും അതേ സ്വാതന്ത്ര്യത്തിന്റെ പേരുപറഞ്ഞു കൊണ്ട് നമ്മുടെ ഭാഷയെയും നമ്മുടെ സംസ്കാരത്തെയും നമ്മുടെ നൻമകളെയും വലിച്ചെറിഞ്ഞ് പാശ്ചാത്യ സംസ്കാരത്തെയും പാശ്ചാത്യമായ എന്തിനെയും വാരിപ്പുണരുന്ന അവസ്ഥയും മനോഭാവവുമല്ലേ ഇന്ന്, പ്രത്യേകിച്ച് നമ്മൾ മലയാളികളിൽ നമുക്ക് കാണാൻ കഴിയുന്നത്?! നമ്മുടെ സംസ്കാരത്തെ നമ്മളല്ലാതെ വേറാര് സംരക്ഷിക്കും ?! ഈയൊരു തിരിച്ചറിവും മനോഭാവവും നമുക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു. അതോടൊപ്പം നമ്മുടെ ഓരോരുത്തരുടെയും സ്വാതന്ത്ര്യം മറ്റുള്ളവരുടെ കൂടി സ്വാതന്ത്ര്യമാണെന്ന് തിരിച്ചറിയാനുള്ള വിവേകവും ഉത്തരവാദിത്തവും കൂടി നമുക്ക് ഉണ്ടാവേണ്ടതുണ്ട്.
ബ്രിട്ടീഷുകാരെ തുരത്തിയാണ് നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടിയത്. അതുപോലെ സർക്കാരും ആരോഗ്യ പ്രവർത്തകരും നിർദ്ദേശിക്കുന്ന മുൻകരുതലുകളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് കൊവിഡ് 19 എന്ന മഹാമാരിയെയും തുരത്തി നമ്മളിന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന പാരതന്ത്ര്യത്തിന്റെ ചങ്ങലകൾ പൊട്ടിച്ചെറിയണമെന്ന് ഈ സ്വാതന്ത്രദിനത്തിൽ നമുക്കോരോരുത്തർക്കും പ്രതിജ്ഞ ചെയ്യാം...!
എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ
സ്വാതന്ത്ര്യദിനാചരണത്തിൻ്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പ്രസംഗ മത്സരം, ക്വിസ്സ് മത്സരം, ദേശഭക്തിഗാന മത്സരം എന്നിവ നടത്തുന്നു.
📌.പ്രസംഗ
മത്സര (5 മിനിറ്റ് ) ത്തിൽ പങ്കെടുക്കുന്നവർ പ്രസംഗം വീഡിയോ റെക്കോർഡ് ചെയ്ത് നാളെ
(15-08-2020) രാവിലെ 10 മണിക്ക് മുമ്പായി 9544569854 എന്ന നമ്പറിലേക്ക് whatsapp ചെയ്യേണ്ടതാണ്.
പ്രസംഗ
മത്സരത്തിന്റെ വിഷയം. "ഇന്ത്യൻ സ്വാതന്ത്ര്യ
സമരവും ഗാന്ധിജിയും"
📌. ദേശഭക്തിഗാന മത്സര (5 മിനിറ്റ് ) ത്തിൽ പങ്കെടുക്കുന്നവർ ഗാനം വീഡിയോ റെക്കോർഡ് ചെയത് നാളെ (15-08-2020) രാവിലെ 10 മണിക്ക് മുമ്പായി 9496355898 എന്ന നമ്പറിലേക്ക് whatsapp ചെയ്യേണ്ടതാണ്.
📌. ക്വിസ് മത്സരം 15-08-20 ന് രാത്രി 7 മണിക്ക് ഓൺലൈനായി നടത്തുന്നതാണ് . പങ്കെടുക്കുന്നവർ 7.30 ന് മുമ്പായി Submit ചെയ്യേണ്ടതാണ്.
No comments:
Post a Comment